REGENBOGEN യൂറോപ്യന്‍ ക്നാനായ യുവജനസംഗമവും സെമിനാറും നടത്തപ്പെട്ടു

കെ സി വൈ എൽ ജർമനിയുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ഏഴു രാജ്യങ്ങളിലെ ക്‌നാനായ യുവജനങ്ങളെ കോര്‍ത്തിണക്കി “REGENBOGEN” (മഴവില്ല്) എന്ന പേരിൽ യുവജനസംഗമവും സെമിനാറും സൂം മുഖേന നടത്തപ്പെട്ടു.

· 1 min read
REGENBOGEN         യൂറോപ്യന്‍ ക്നാനായ യുവജനസംഗമവും സെമിനാറും നടത്തപ്പെട്ടു

ബെർലിൻ : കെ സി വൈ എൽ ജർമനിയുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ഏഴു രാജ്യങ്ങളിലെ ക്‌നാനായ യുവജനങ്ങളെ കോര്‍ത്തിണക്കി “REGENBOGEN” (മഴവില്ല്) എന്ന പേരിൽ യുവജനസംഗമവും സെമിനാറും സൂം മുഖേന നടത്തപ്പെട്ടു. സെമിനാറില്‍ ഓസ്ട്രിയ, ബെൽജിയം, ജർമ്മനി, മാൾട്ട, ഇറ്റലി, നെതർലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ 55 ഓളം യുവജനങ്ങൾ പങ്കെടുത്തു. 7 രാജ്യങ്ങളിലെ യുവജനങ്ങൾ ഒന്നിച്ചപ്പോൾ ക്‌നാനായ സമുദായത്തിന്റെ തനതായ ഒരുമയും സൗന്ദര്യവും സംഗമത്തില്‍ പ്രതിഫലിക്കപ്പെട്ടു. പ്രസ്‌തുത മീറ്റിംഗിൽ സെമിനാറും, വിവിധ രാജ്യങ്ങളിലെ യുവജനങ്ങളെ ഉൾപ്പെടുത്തി ഇന്‍ററാക്റ്റീവ് സെക്ഷനും (Interactive Section) സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി  ആരംഭിച്ച സംഗമത്തില്‍ കെ‌സി‌വൈ‌എല്‍ ചാപ്ലിയന്‍ ഫാ. ബിനോയ് കൂട്ടനാൽ സ്വാഗതം പറഞ്ഞു. സൂം പ്ലാറ്റ്‌ഫോമിൽ യുവജനങ്ങളെ 7 അംഗങ്ങൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളായി തിരിക്കുകയും, ഗ്രൂപ്പുകളിൽ യുവജനങ്ങൾ പരസ്‌പരം പരിചയപ്പെടുകയും യൂറോപ്പിൽ എത്തിയതിനു ശേഷമുള്ള അനുഭവങ്ങളും, സ്വപ്‌നങ്ങളും, സന്തോഷനിമിഷങ്ങളും പരസ്‌പരം പങ്കുവെയ്കുകയും ചെയ്‌തു. വളരെ താത്പര്യത്തോടും ഉത്സാഹത്തോടും കൂടി യുവജനങ്ങൾ ഈ സെക്ഷനിൽ പങ്കെടുത്തു. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് മീറ്റിങ്ങിനു ആശംസ അറിയിച്ചു സംസാരിച്ചു. “യൂറോപ്പിലെ ക്നാനായ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്‌പദമാക്കി ഫാ. മനോജ് എലിത്തടത്തിൽ (OSH) സെമിനാറിനു നേതൃത്വം നല്കി. സമുദായത്തിന്റെ ആചാരങ്ങൾ മുറുകെപ്പിടിക്കണമെന്നും, യുവജനങ്ങൾ ദൈവത്തോടും, സഭയോടും, സമുദായത്തോടും, സഭാപ്രബോധനങ്ങളോടും സംയോജിച്ചു ജീവിക്കണമെന്നും സെമിനാറിലൂടെ യുവജനങ്ങളോടു ആഹ്വാനം ചെയ്തു. കെ സി വൈ എൽ മാൾട്ട പ്രസിഡന്റ് ശ്രീ. സുബിൻ ചാക്കോ തൊഴുത്തുകര പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.