ബയേൺ - ജർമ്മനി : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സ്വർഗ്ഗീയ മധ്യസ്ഥനും കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ മധ്യസ്ഥനുമായ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളും മലയാളികളുടെ തനതായ ഓണവും ആഘോഷമാക്കി ജർമ്മൻ കെസിവൈഎൽ .
ജർമ്മനിയിൽ ബയേൺ റീജണിലെ താൽഫിംഗൻ സെന്റ് ലോറാൻസ് ദേവാലയത്തിൽ ലദീഞ്ഞോടുകൂടി ആരംഭിച്ച പരിശുദ്ധ കുർബാനക്ക് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് പുതിയകുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. അതിരൂപത ചാന്‍സിലര്‍ ഫാ. ജോണ്‍ ചെന്നാക്കുഴി തിരുനാൾ സന്ദേശം നൽകി. പിറവം ഫൊറോന വികാരി ഫാ. തോമസ് പ്രാലേൽ , ജികെസിവൈഎൽ ചാപ്ലിയൻ ഫാ. ബിനോയി കൂട്ടനാൽ, വികാരി ഫാ. ജോജി കളരിക്കൽ ,ഫാ. ജെന്നീസ് വെച്ചുവെട്ടിക്കൽ , ഫാ.ജോണി ചാമപ്പാറ, ഫാ. ജെയ്മോൻ വേങ്ങച്ചേരിയിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
തുടർന്നു നടന്ന വർണശബളമായ ഓണാഘോഷ പരിപാടികൾ ഏവരുടെയും മനസ്സിൽ ഗൃഹാതുരത്വത്തിന്റെ നല്ല ഓർമ്മകൾ സമ്മാനിച്ചു. പ്രസിഡന്റ് നിധിൻ ഷാജി വെച്ചുവെട്ടിക്കൽ ഏവരെയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ഫാ. തോമസ് പുതിയകുന്നേൽ തിരിതെളിച്ച് ഓണാഘോഷം ഉൽഘാടനം ചെയ്തു. ആർപ്പുവിളികളുടെ ആരവത്തോടുകൂടികടന്നുവന്ന മാവേലി തമ്പുരാൻ സദസ്സിനെ അഭിവാദനം ചെയ്യതതും , തുടർന്ന് നടന്ന തിരുവാതിര, ഓണ പാട്ടുകൾ, ഓണകളികൾ, വിവിധ യൂണീറ്റുകളുടെ കലാപരിപാടികൾ എന്നിവ ഏവരെയും ഹരം കൊള്ളിച്ചു. 130 ഓളം യുവജനങ്ങൾ പങ്കെടുത്ത ആഘോഷങ്ങൾക്ക് ജർമ്മനിയിൽ സേവനം അനുഷ്ഠിക്കുന്ന എസ് വി എം , സെൻറ് ജോസഫ് , കാരിത്താസ് സന്യാസസമൂഹത്തിലെ നിരവിധി സന്യസ്തരും പങ്കെടുത്തു. യുവജനങ്ങൾ തന്നെ തയ്യാറാക്കിയ ഓണസദ്യ ഏവരുടെയും നാവുകൾക്ക് രുചി പകർന്നു . വിപുലമായ ഓണസദ്യയ്ക്ക് നിജോ പണ്ടാരശ്ശേരിയിൽ, ജോജി മെത്തായത് , ജെന്റിൽ & സിമി കാരകുന്നതു എന്നിവരും , വിവിധ കലാപരിപാടികൾക്ക് ,സി. ജോമി SJC , ചിഞ്ചു പൂവത്തേൽ, ബോണി ഈഴറാത്ത്, സിജോ നെടുംതൊട്ടിയിൽ, ജോസ്മി അത്താനിക്കൽ ,അജീന ചേലമലയിൽ, ജാക്സൺ ആനിമൂട്ടിൽ, ജാബിൻ കളരിക്കൽ , അലക്സ് പ്ലാംപറമ്പിൽ എന്നിവരും നേതൃത്വം നൽകി.